Cinema

എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും, അത് എന്‍റെ അവകാശമാണെന്ന് ഉണ്ണി മുകുന്ദന്‍

കൊച്ചി: അച്ഛൻ, അമ്മ, കുടുംബം എന്നീ വിഷയങ്ങൾ സംസാരിക്കുന്ന സിനിമയുടെ സാമൂഹ്യ പ്രസക്തി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ‘ഗെറ്റ് സെറ്റ് ബേബി’യുടെ അണിയറപ്രവർത്തകർ. വിവാഹശേഷം കുഞ്ഞിനെ വരവേൽക്കാൻ കുടുംബങ്ങൾ ഒരുങ്ങുന്നത് പല വിധത്തിലായിരിക്കും. അതിനെ സരസമായും ഭംഗിയായും അവതരിപ്പിക്കുന്നതാണ് വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ എത്തിയ “ഗെറ്റ് സെറ്റ് ബേബി”യുടെ ഉള്ളടക്കം.

‘നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവായ ഒരാളാണ്. എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അത് എന്‍റെ അവകാശമാണ്.’ എന്നാണ് ഗെറ്റ് സെറ്റ് ബേബിയുടെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് ഉണ്ണി മുകുന്ദൻ സംസാരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’ റിലീസ് ആയത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി ഉണ്ണി മുകുന്ദന്റെ തിരിച്ചുവരവാണ് ഈ ചിത്രം. മാര്‍ക്കോയില്‍ കണ്ട ഉണ്ണി മുകുന്ദന്റെ നേരെ വിപരീതമാണ് ഗെറ്റ് സെറ്റ് ബേബിയിലെ നായകൻ.

തിയറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെ ആകർഷിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് ഗെറ്റ് സെറ്റ് ബേബി . പ്രേക്ഷകപ്രതികരണങ്ങളിൽ അമ്മമാരുടെ വിഷയത്തോടുള്ള സമരസപ്പെടലാണ് കാണാനാകുന്നത്. പല പ്രായത്തിലുള്ള ആളുകൾക്ക് ഓരോ രീതിയിൽ കണക്ടാവുകയാണ് സിനിമ എന്നാണ് വിവരം. നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.

ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകയും ഗെറ്റ് സെറ്റ് ബേബിക്കുണ്ട്. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന ക്ലൗഡ് കിച്ചൻ നടത്തുന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് ചിത്രത്തിലുള്ളത്. കളിചിരികളും കുസൃതിതരങ്ങളുമൊക്കെയായി ഉണ്ണിയെ കാണാം ഈ ചിത്രത്തിൽ. വൈകാരികമായ അഭിനയ മുഹൂർത്തങ്ങളിലും ഏറെ മികച്ച രീതിയിൽ ഉണ്ണിയും നിഖിലയും മികച്ചുനിൽക്കുന്നുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.

അതോടൊപ്പം തന്നെ സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

അലക്സ് ജെ പുളിക്കലിന്‍റെ ഛായാഗ്രഹണം സിനിമയുടെ കഥാഗതിക്ക് യോജിച്ചതാണ്. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും മികച്ചുനിൽക്കുന്നുണ്ട്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button