KeralaNews

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ സജ്ജം

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയത്. മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

നിലവില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇവിടെ നടക്കുന്നുണ്ട്. സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജറി, യൂറോളജി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ന്യൂറോസര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങള്‍ക്കുള്ള ഓപ്പറേഷന്‍ തീയേറ്ററുകളും തീവ്രപരിചരണ വിഭാഗങ്ങളുമാണ് പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്. ഓരോ വിഭാഗത്തിനുമായി 20 ഐസിയു കിടക്കകള്‍ സജ്ജമാക്കി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നേരത്തെ തന്നെ ഈ ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 5 സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കൊപ്പം അനസ്‌തേഷ്യ വകുപ്പിന്റെ ഒരു വിഭാഗം കൂടി ഈ ബ്ലോക്കിലേക്ക് മാറ്റി.

ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കോട്ടയം മെഡിക്കല്‍ കോളജിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായാണ് പുതിയ ഓപ്പറേഷന്‍ തീയറ്ററുകളില്‍ അവയവം മാറ്റിവയ്ക്കാനുള്ള സംവിധാനങ്ങള്‍ കൂടിയൊരുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button