NationalNews

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; ആറു പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

തമിഴ്‌നാട്ടില്‍ നിന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ അടക്കം ആറു പേര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കമല്‍ഹാസന് പുറമെ, ഡിഎംകെയിലെ മൂന്നുപേരും എഐഎഡിഎംകെയിലെ രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട ആറുപേര്‍ക്കും റിട്ടേണിങ് ഓഫീസര്‍ ബി സുബ്രഹ്മണ്യം ജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് കൈമാറി.

തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയായാണ് കമല്‍ഹാസന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പി വില്‍സണ്‍, രാജാത്തി എന്നറിയപ്പെടുന്ന സല്‍മ, എസ് ആര്‍ ശിവലിംഗം എന്നിവരാണ് ഡിഎംകെ ടിക്കറ്റില്‍ വിജയിച്ചത്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളായ ഐ എസ് ഇമ്പദുരൈ, എം ധനപാല്‍ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

തമിഴ്‌നാട്ടില്‍ ആറു സീറ്റുകളിലാണ് ഒഴിവുണ്ടായിരുന്നത്. അതിലേക്കായി ആകെ 13 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മപരിശോധനയില്‍ ഇതില്‍ ഏഴു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളുകയായിരുന്നു. ആവശ്യമായ രേഖകള്‍ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കാതിരുന്നതാണ് പത്രിക തള്ളാന്‍ കാരണമെന്ന് വരണാധികാരി അറിയിച്ചു.

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡിഎംകെ നോമിനികളായ പി വില്‍സണ്‍, സല്‍മ, സിവലിംഗം എന്നിവര്‍ മുന്‍ മുഖ്യമന്ത്രിമാരും ഡിഎംകെയുടെ നേതാക്കന്മാരുമായിരുന്ന സി എന്‍ അണ്ണാദുരൈ, എം കരുണാനിധി എന്നിവരുടെ സ്മാരകങ്ങളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുക്കപ്പെട്ട ഇമ്പദുരൈ, ധനപാല്‍ എന്നിവര്‍ പാര്‍ട്ടി ഓഫീസിലെ എംജിആറിന്റെയും ജയലളിതയുടേയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button