KeralaNews

നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതൽ നീണ്ട ക്യൂ; എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ വോട്ടു രേഖപ്പെടുത്തി

നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. നിലമ്പൂർ ആയിഷ മുക്കട്ട എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ 184-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. സ്വതന്ത്രനായ പി വി അൻവറിനു മണ്ഡലത്തിൽ വോട്ടില്ല. രാവിലെ തന്നെ നിരവധി പേരാണ് വോട്ടു ചെയ്യാനെത്തിയത്.

രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിൽ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകളും ഉൾപ്പെടുന്നു. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16-ന് പൂർത്തിയായിരുന്നു.

ഉപതെരഞ്ഞെടുപ്പിൽ പത്തു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ) ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) എം സ്വരാജ് (എൽഡിഎഫ്) അഡ്വ. സാദിഖ് നടുത്തൊടി (എസ്ഡിപിഐ) പി വി അൻവർ (സ്വതന്ത്രൻ) എൻ ജയരാജൻ (സ്വത.) പി രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.) വിജയൻ (സ്വത.) സതീഷ് കുമാർ ജി (സ്വത.) ഹരിനാരായണൻ (സ്വത.). എന്നിവരാണ് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ.ഈ മാസം 23 നാണ് വോട്ടെണ്ണൽ.

വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂർ നിയമസഭാ മണ്ഡലം. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇടതുസ്വതന്ത്രനായി നിലമ്പൂരിൽ ജയിച്ച പി വി അൻവർ സർക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നിലമ്പൂർ നീങ്ങിയത്. 2021 ലെ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത 46.9 % വോട്ടും നേടി 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അൻവർ കോൺഗ്രസിന്റെ വി വി പ്രകാശിനെ തോൽപ്പിച്ചത്.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button