NationalNews

വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂലൈ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. നോണ്‍ എസി മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതമാണ് വര്‍ധിപ്പിക്കുക.

500 കിലോമീറ്റര്‍ വരെ സബര്‍ബന്‍ യാത്രയ്ക്കും സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വര്‍ധന ഉണ്ടാവില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് അര പൈസയായിരിക്കും വര്‍ധന ഉണ്ടാവുക. അതേസമയം പ്രതിമാസ സീസണ്‍ ടിക്കറ്റില്‍ മാറ്റം ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജൂലൈ 1 മുതല്‍ തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് ആധാര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. തത്കാല്‍ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ പരിഷ്‌കാരം. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തത്കാല്‍ സ്‌കീം പ്രകാരം ആധാര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമേ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) വെബ്സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ജൂലൈ 15 മുതല്‍ യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഓതന്റിക്കേഷന്റെ ഒരു അധിക ഘട്ടം കൂടി പൂര്‍ത്തിയാക്കേണ്ടതായി വരുമെന്നും റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു. തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകൃത ബുക്കിങ് ഏജന്റുമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഏജന്റുമാര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്ന് ആദ്യ അരമണിക്കൂര്‍ വിലക്കുണ്ട്. എസി ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 10.00 മുതല്‍ രാവിലെ 10.30 വരെയും എസി ഇതര ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 11.00 മുതല്‍ രാവിലെ 11.30 വരെയുമാണ് നിയന്ത്രണം.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button