National

ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഇന്ത്യ നേരിടുന്ന പ്രധാന ഭീഷണി; രാഹുൽ ഗാന്ധി

ബോഗോട്ട: ഇന്ത്യ നേരിടുന്നത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ഉന്നംവച്ചാണ് രാഹുലിന്റെ പ്രസ്താവന. കൊളംബിയയിലെ ഇ.ഐ.എ സർവകലാശാലയിൽ നടന്ന സംവാദത്തിലായിരുന്നു രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഇന്ത്യയുടെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ഇന്ത്യയിൽ വ്യത്യസ്ത മതങ്ങളും ഭാഷകളുമുണ്ട്, ജനാധിപത്യ സംവിധാനം എല്ലാവർക്കും തുല്യഅവകാശം നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ജനാധിപത്യം തകർക്കപ്പെടുകയാണ്’- രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിന്റെ പരാമർശത്തിൽ മറുപടിയുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

‘1.4 ബില്യൺ ജനങ്ങളുള്ള ഇന്ത്യയിൽ ഒരുപാട് സാദ്ധ്യതകളാണുള്ളത്. അതേസമയം ചൈനയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയ്ക്ക് ഒന്നിലധികം ഭാഷകളും മതങ്ങളും സംസ്കാരങ്ങളുമുണ്ട്. വളരെ സങ്കീർണ്ണമായ സംവിധാനമുള്ള രാജ്യം ഒരുപാട് കാര്യങ്ങൾ നൽകും. ഇന്ത്യ മറികടക്കേണ്ട മറ്റൊരു അപകട സാദ്ധ്യത രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള വിള്ളലാണ്. ചൈന ചെയ്യുന്നത് പോലെ അളുകളെ അടിച്ചമർത്തുന്നത് ഇവിടെ അംഗീകരിക്കാനാവില്ല.

ബ്രിട്ടീഷുകാർ ഒരു സൂപ്പർ പവറായി ഇന്ത്യ ഭരിക്കുമ്പോൾ ആ സാമ്രാജ്യത്തിനെതിരെ പോരാടി 1947ൽ രാജ്യം സ്വാതന്ത്യം നേടിയതാണ്. കൽക്കരിയിൽ നിന്ന് പെട്രോളിലേക്കും അതിന് ശേഷം ഇലക്ട്രിക് മോട്ടോറിലേക്കുള്ള പരിവർത്തനത്തെ അഭിമുഖീകരിക്കുകയാണ് നമ്മൾ. യു.എസ്- ചൈന ശക്തികൾ കൂട്ടിമുട്ടുന്നതിന്റെ മദ്ധ്യത്തിലാണ് നമ്മൾ. സാമ്പത്തിക വളർച്ചയുള്ള രാജ്യമായിട്ടും തൊഴിലവസരങ്ങൾ നൽകാൻ കഴിയുന്നില്ല. അതിന് കാരണം നമുക്ക് ഒരു ജനാധിപത്യ ഘടന ഇല്ലാത്തതിനാലാണ്’- രാഹുൽ ഗാന്ധി പറഞ്ഞു.

എന്നാൽ രാഹുൽ വിദേശത്തേക്ക് പോയി ഇന്ത്യൻ ജനാധിപത്യത്തെ ആക്രമിക്കുന്നു എന്നാണ് ബിജെപി ഇതിനോട് പ്രതികരിച്ചത്. അദ്ദേഹം ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടാൻ ആഗ്രഹിക്കുന്നു. ചിലപ്പോൾ യുഎസും യുകെയും നമ്മുടെ കാര്യങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെടാറുണ്ട്, ഇപ്പോൾ ഇത്, സേന മുതൽ ജുഡീഷ്യറി വരെ, സൻവിധാൻ മുതൽ സനാതൻ വരെയായി.’- ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല എക്‌സിൽ കുറിച്ചു.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button