ഹിറ്റടിക്കാൻ കിഷ്കിന്ധ കാണ്ഡം ടീമിന്റെ ‘എക്കോ’; പടക്കളത്തിനു ശേഷം നായകനായി സന്ദീപ് പ്രദീപ്
ആസിഫ് അലിയും അപർണാ ബാലമുരളിയും പ്രധാനവേഷങ്ങളിൽ എത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം ‘കിഷ്കിന്ധ കാണ്ഡ’ത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “എക്കോ” എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാമിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന “എക്കോ”യിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത് സന്ദീപ് പ്രദീപാണ്. ആലപ്പുഴ ജിംഖാനയ്ക്കും പടക്കളത്തിനു ശേഷം സന്ദീപ് പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണിത്. കിഷ്കിന്ധ കാണ്ഡത്തിന്റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ.എസ്, ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി എന്നിവരും എക്കോയിലുണ്ട്.
നവംബറിൽ ചിത്രം പ്രദർശനത്തിനെത്തും. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് ബാഹുൽ രമേശാണ്. ഐക്കൺ സിനിമാസ് ഡിസ്ട്രിബ്യൂഷനും, ഷാഫി ചെമ്മാടാണ് പ്രൊഡക്ഷൻ കൺട്രോളർ, റഷീദ് അഹമ്മദ് മേക്കപ്പും, സുജിത് സുധാകർ കോസ്റ്റ്യൂംസും നിർവഹിക്കും.
