അയ്യപ്പനെ പോലും സുരക്ഷിതമാക്കി വെയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലം: ജി സുധാകരൻ

ആലപ്പുഴ: എല്ലാത്തിനും മീതെയാണ് രാഷ്ട്രീയമെന്നും അയ്യപ്പനെ പോലും സുരക്ഷിതമാക്കി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലമെന്നും സിപിഎം നേതാവ് ജി സുധാകരൻ. ആ മണ്ഡലത്തിൽ പൊന്നിൽ പൊതിഞ്ഞു വെച്ചിരിക്കുകയാണ് അയ്യപ്പനെയെന്നും ജി സുധാകരൻ പറഞ്ഞു. രാഷ്ട്രീയമായി സംരക്ഷണം ഇല്ലെങ്കിൽ എന്നേ അയ്യപ്പനെ കൊണ്ടുപോയേനെ. അയ്യപ്പന്റെ വിഗ്രഹം കൂടി കൊണ്ടു പോയേനെ. ഞാൻ മന്ത്രി ആയിരുന്നപ്പോൾ ഒരു സ്വർണ്ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ല. മൂന്നര വർഷം കഴിഞ്ഞപ്പോ എന്റെ ദേവസ്വം സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തു. ഞാനുണ്ടായ മൂന്നര വർഷം ഒരഴിമതിയും നടന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു.
നമ്മൾ രാഷ്ട്രീയ സാക്ഷരതയിൽ പിന്നിൽ പോയി. വർഗീയ സാക്ഷരത കൂടി. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചു. പഞ്ചായത്തുകളിൽ എന്തൊക്കെ അഴിമതി നടക്കുന്നു. കേരളത്തിനാവശ്യം സ്വയം പരിശോധനയാണ്. എല്ലാ കാര്യങ്ങളിലും ഇത് വേണം. ഇപ്പോൾ സ്വർണപ്പാളിയിൽ എത്തിയിരിക്കുന്നു. സ്വർണപാളി ഇളക്കുമ്പോഴും കൊണ്ടു പോകുമ്പോഴും അളക്കണ്ടേ. അറിയില്ല എന്ന് പറയുന്നു. അവരും അഴിമതിയുടെ ഭാഗമാണെന്നും ജി സുധാകരൻ പറഞ്ഞു.
രാഷ്ട്രീയക്കാർക്ക് ലളിത ജീവിതമാണ് വേണ്ടത്. ചില നേതാക്കൾ രണ്ട് മോതിരം ആണ് ഇടുന്നതെന്നും ജി സുധാകരൻ വിമർശിച്ചു. ജനങ്ങൾ ആഗ്രഹിക്കുന കാര്യങ്ങൾ നടത്തിക്കൊടുക്കാൻ രാഷ്ട്രീയക്കാർക്ക് കഴിയണം. പക്ഷപാതത്വം പാടില്ല. പെരുമാറ്റവും വേഷവിധാനവും ലളിതമാകണമെന്നും അദ്ദേഹം പറഞ്ഞു.
