‘അവർ വീണ്ടും ചേർന്നാൽ എന്താവും എന്ന് പറയണ്ടല്ലോ;’ മമ്മൂട്ടി – മോഹൻലാൽ ചിത്രം പേട്രിയറ്റ് ടീസർ

മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഏറെക്കാലത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറക്കി. “പേട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പേട്രിയറ്റിലെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്.
മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. സുഷിൻ ശ്യാമിൻ്റെ പശ്ചാത്തല സംഗീതവും മാനുഷ് നന്ദന്റെ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നു. മലയാളത്തിൽ ഇതേവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്നാണ് ടീസർ നൽകുന്ന സൂചന.