ശബരിമല പ്രക്ഷോഭം: ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ വിവിധ സംഭവങ്ങളിൽ 2,634 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതരസ്വഭാവമുളള വകുപ്പുകൾ ഉൾപ്പെടുന്നതിനാൽ ചില കേസുകൾ പിൻവലിക്കാൻ കഴിയില്ല. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ എത്രയും വേഗം പിൻവലിക്കുന്നതിനുളള നടപടിയാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസുകൾ പിൻവലിക്കുന്നതിന് ഓരോ കേസും പരിഗണിക്കുന്ന കോടതിയുടെ മുമ്പാകെ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസുകളുടെ സ്വഭാവം കണക്കിലെടുത്ത് പൊലീസ് തുടർനടപടികൾ ഒഴിവാക്കിയതും പിൻവലിക്കാനുളള അപേക്ഷ കോടതിയിൽ സമർപ്പിച്ചതുമായ കേസുകളുടെ എണ്ണം 1047 ആണ്. 86 കേസുകൾ കോടതി മറ്റുതരത്തിൽ തീർപ്പാക്കി. 278 കേസുകൾ വെറുതെ വിട്ടു. 726 കേസുകളിൽ ശിക്ഷിച്ചു. 692 കേസുകൾ കോടതിയുടെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ 2023 ഓഗസ്റ്റ് 21ന് യോഗം ചേർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു.
നേരത്തെ, ആഗോള അയ്യപ്പ സംഗമം നടന്ന സമയത്ത് ഈ കേസുകൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസും ബിജെപിയും പരിപാടി ബഹിഷ്‌കരിച്ചത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കേസുകൾ പിൻവലിക്കാൻ സർക്കാരിന് ധൈര്യമില്ലേയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രി ഇപ്പോൾ വ്യക്തത വരുത്തിയത്.