
ആലപ്പുഴ: ശബരിമല ശ്രീകോവിലിൽ വിജയ് മല്യ നൽകിയ സ്വർണ്ണം 1998-ൽ പൂർണ്ണമായും പൊതിഞ്ഞതായി അന്നത്തെ കീഴ്‌ശാന്തി ശ്രീനിവാസൻ പോറ്റിയുടെ വെളിപ്പെടുത്തൽ. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സന്നിധാനത്ത് കൃത്യമായ രീതിയിലാണ് സ്വർണ്ണം പൊതിഞ്ഞതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മല്യ നൽകിയ സ്വർണ്ണം വാതിലിലും കട്ടിളപ്പടിയിലും മുഴുവനായി പൊതിഞ്ഞിരുന്നുവെന്നും അതുവരെയുള്ള എല്ലാ കാര്യങ്ങളും നല്ല രീതിയിലാണ് നടന്നതെന്നും ശ്രീനിവാസൻ പോറ്റി വ്യക്തമാക്കി. നിലവിലെ വിവാദത്തിൽ വലിയ പ്രയാസമുണ്ടെന്നും, ദേവസ്വം ബോർഡ് ഭരണം നടത്തുന്നത് ശബരിമലയുടെ വരുമാനം കൊണ്ടാണെന്നും, അതുകൊണ്ട് വരുമാനം ഒരു കാരണവശാലും കുറയാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ സ്‌പോൺസർ ആയി ഉണ്ണികൃഷ്ണൻ പോറ്റിയെ തിരഞ്ഞെടുത്തതിൽ ദേവസ്വം ബോർഡ് കൂടുതൽ ശ്രദ്ധ പുലർത്തണമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്ത്രിയുടെ പ്രതികരണം: ‘അനുമതി നൽകിയിട്ടില്ല’
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞ് തന്ത്രി കണ്ഠര് രാജീവരും രംഗത്തെത്തി. ദ്വാരപാലക ശില്പങ്ങൾ സ്വർണ്ണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്ന് തന്ത്രി പ്രതികരിച്ചു.
ശില്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും, അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ആ ആവശ്യം എഴുതി ചോദിച്ചതിനുള്ള മറുപടി മാത്രമാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.