“ഞാനിത് സ്ഥിരം ചെയ്യുന്നതാണ്”: എസി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത അധ്യാപിക; ചോദ്യം ചെയ്ത ടിടിഇയോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ വൈറൽ

ന്യൂഡൽഹി: ട്രെയിനിലെ എസി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി, ചോദ്യം ചെയ്ത ടിക്കറ്റ് എക്സാമിനറുമായി (TTE) തർക്കിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബീഹാർ സർക്കാർ സ്കൂളിലെ അധ്യാപികയാണെന്ന് അവകാശപ്പെടുന്ന യുവതി, തന്നെ ടിടിഇ ശല്യം ചെയ്യുകയാണെന്ന് ആരോപിക്കുന്നതും വീഡിയോയിലുണ്ട്.
എസി കോച്ചിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് യുവതിയുടെ കൈവശം ഉണ്ടായിരുന്നില്ല. ജനറൽ കോച്ചിലേക്ക് മാറണമെന്ന് ടിടിഇ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. “നിങ്ങളുടെ കൈവശം ടിക്കറ്റില്ല. റിസർവ് കോച്ചിൽ നിന്നിറങ്ങൂ. ടിക്കറ്റില്ലാതെ നിങ്ങൾക്ക് ഇവിടെ ഇരിക്കാൻ കഴിയില്ല,” ടിടിഇ കർശനമായി ആവശ്യപ്പെട്ടു.
“ശല്യം ചെയ്യുകയാണോ? ഞാൻ പോയില്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യും?”
ടിടിഇയുടെ ആവശ്യം അവഗണിച്ച യുവതി, “എഴുന്നേറ്റ് പോയില്ലെങ്കിൽ നീ എന്ത് ചെയ്യും? ഞാൻ പോകാം, എന്തിനാണ് എന്നെ ശല്യപ്പെടുത്താൻ ശ്രമിക്കുന്നത്? നിങ്ങൾ മനഃപൂർവം ഒരു സ്ത്രീയെ ശല്യപ്പെടുത്തുകയാണ്,” എന്ന് തിരിച്ച് തട്ടിക്കയറി.
“ഞാൻ എന്തിന് നിങ്ങളെ ബുദ്ധിമുട്ടിക്കണം? നിങ്ങളുടെ കൈയിൽ ടിക്കറ്റ് ഇല്ല. ബീഹാർ ഗവൺമെന്റ് സ്‌കൂളിലെ അദ്ധ്യാപികയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ടിക്കറ്റില്ലാതെ എങ്ങനെ യാത്ര ചെയ്യാനാകും,” എന്ന് ടിടിഇ ചോദിച്ചു.
बिहार में सरकारी मास्टर का अलग ही भौकाल है! यह वीडियो वायरल है जिसमें TT द्वारा कहा जा रहा है कि टिकट दिखाइए या बाहर चले जाइए…!
— छपरा जिला 🇮🇳 (@ChapraZila) October 7, 2025
लड़की कहती है कि आप मुझे परेशान कर रहे हैं परन्तु TT बार बार टिकट मांगते कहते हैं कि बिहार सरकार का सरकारी मास्टर होकर टिकट नहीं लेती है और मुझे… pic.twitter.com/T9bRZpVBxm
യുവതി നേരത്തെയും ടിക്കറ്റില്ലാതെ യാത്ര ചെയ്തിട്ടുള്ളതായി ടിടിഇ സംഭാഷണത്തിനിടെ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ, ടിടിഇ വീഡിയോ പകർത്തുന്നത് തടയാനായി ഫോൺ തട്ടിപ്പറിക്കാൻ യുവതി ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ടിടിഇ സംയമനം പാലിക്കുകയും, ശരീരത്തിൽ തൊടരുതെന്ന് യുവതിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
ട്രെയിൻ സർവീസ് ഏതാണെന്നോ സംഭവം നടന്ന സ്ഥലം ഏതെന്നോ വീഡിയോയിൽ വ്യക്തമല്ല.