പാലക്കാട് യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ, കാരണം സംശയം

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങി. കാട്ടുകുളം സ്വദേശി വൈഷ്ണവിയെ (26) ഭർത്താവ് ദീക്ഷിത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭാര്യയുടെ സ്വഭാവശുദ്ധിയിലുണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ ഒക്ടോബർ 9-ന് രാത്രിയാണ് സംഭവം. വൈഷ്ണവിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് ദീക്ഷിത് തന്നെയാണ് യുവതിയെ മാങ്ങാടുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇയാൾ വൈഷ്ണവിയുടെ പിതാവ് ഉണ്ണികൃഷ്ണനെ ആനമങ്ങാട്ടുനിന്ന് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തുന്നതിന് മുൻപേ വൈഷ്ണവി മരിച്ചിരുന്നു.
തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വൈഷ്ണവിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. മണ്ണാർക്കാട് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ദീക്ഷിത് കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ദീക്ഷിതിന്റെ വീട്ടിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി ചോലക്കൽ ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി. ഒന്നര വർഷം മുൻപായിരുന്നു ദീക്ഷിതുമായുള്ള ഇവരുടെ വിവാഹം.

