ശബരിമല സ്വര്‍ണ കൊള്ള: നിര്‍ണായക രേഖകള്‍ കാണാതായി; ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്
ശബരിമല സ്വര്‍ണ കൊള്ളക്കേസിൽ എസ്ഐടി അന്വേഷണം ശക്തമാകുന്നതിനിടെ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും. പ്രതി പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയർ കെ. സുനിൽകുമാറിനെതിരെ യോഗം നടപടി എടുക്കാൻ സാധ്യതയുണ്ട്.
2019ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ഇതിനകം സസ്പെൻഡ് ചെയ്തിരുന്നു. പ്രതി പട്ടികയിൽ ഉള്ള ഈ രണ്ട് പേരാണ് ഇപ്പോഴും സർവീസിലുള്ളത്. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കുമെന്ന് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
ഇതിനിടെ, സ്വർണം പൂശിയതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ സ്മാർട്ട് ക്രിയേഷൻസ് ഓഫീസിൽ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ഈ രേഖകൾ മറച്ചു വച്ചതോ മാറ്റിയതോ ആകാമെന്ന് സംഘം സംശയിക്കുന്നു. രേഖകളുടെ സ്ഥിതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് എസ്ഐടിയുടെ നീക്കം.