ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റി അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണം മോഷണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി.
ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പോറ്റിയുടെ അറസ്റ്റ് ഇന്ന് പുലർച്ചെ 2.30-ഓടെയാണ് രേഖപ്പെടുത്തിയത്. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പടി, ദ്വാരപാലക ശില്പങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സ്വർണം കവർന്ന രണ്ട് കേസുകളിലും ഇയാൾ ഒന്നാം പ്രതിയാണ്. മോഷണം ആസൂത്രിതമായിരുന്നുവെന്നും സ്പോൺസറായി അപേക്ഷ നൽകിയതു മുതൽ ഗൂഢാലോചന ആരംഭിച്ചുവെന്നും പോറ്റി സമ്മതിച്ചതായാണ് വിവരം.
തട്ടിയെടുത്ത സ്വർണം പലർക്കായി വീതിച്ചുനൽകിയെന്നും ഇതിൽ ഒരു വിഹിതം ദേവസ്വം ഉദ്യോഗസ്ഥർക്കും ലഭിച്ചുവെന്നും പോറ്റിയുടെ മൊഴിയിലുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് കൽപേഷ് എന്നയാളെ ഇടപാടുകൾക്കായി കൊണ്ടുവന്നതെന്നും സ്വർണം ഉരുക്കാൻ പുറത്തുനിന്ന് ആളുകളെ എത്തിച്ചുവെന്നും പോറ്റി വെളിപ്പെടുത്തി. ഈ വിവരം പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരോട് മുൻപ് സൂചിപ്പിച്ചിരുന്നതായും ഇയാൾ പറയുന്നു.
അതേസമയം, അന്വേഷണം ഇപ്പോൾ കൽപേഷ് എന്ന ഇടനിലക്കാരനിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. കൽപേഷിനെ രംഗത്തിറക്കിയതിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ലെന്നും ഉന്നതരായ മറ്റാർക്കോ പങ്കുണ്ടെന്നും അന്വേഷണസംഘം സംശയിക്കുന്നു. ദേവസ്വം ബോർഡിലെ ചിലർക്ക് കൽപേഷിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്ന സൂചനയും ലഭിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം പോറ്റിയെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം അപേക്ഷ നൽകും. കേസിന്റെ തുടരന്വേഷണത്തിൽ വരും ദിവസങ്ങൾ നിർണായകമാകും.