Kerala

അനുനയനീക്കം പാളി, പാർട്ടിയുമായി ഉടക്ക് തുടർന്ന് ജി സുധാകരൻ

സിപിഎമ്മുമായുള്ള ഉടക്ക് തുടർന്ന് ജി സുധാകരൻ. കുട്ടനാട്ടിൽ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ക്ഷണം ഉണ്ടായിട്ടും പങ്കെടുത്തില്ല. എന്നാൽ പരിപാടി നടത്താൻ ആളുകളുണ്ടല്ലോ എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. പ്രായപരിധിയുടെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് ഒഴിവായാലും സഖാക്കൾ പാർട്ടിയിൽ സജീവമാകണമെന്ന് കുട്ടനാട്ടിലെ പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. ജി സുധാകരനെ ലക്ഷ്യമിട്ട് കൊണ്ടായിരുന്നു ഒളിയമ്പ്.

സുധാകരൻ്റെ വിഷയത്തിൽ മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയനീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കുട്ടനാട്ടിൽ വിഎസ് സ്മാരക അവാർഡ് ദാന ചടങ്ങിലേക്ക് നേരിട്ട് വീട്ടില്ലെത്തി സിഎസ് സുജാതയും ജില്ലാ സെക്രട്ടറി ആർ നാസറും സുധാകരനെ ക്ഷണിച്ചിരുന്നു. അന്ന് സമ്മതം മൂളിയിരുന്നെങ്കിലും കാര്യമായ റോളില്ലാത്തതിനാൽ സുധാകരൻ പരിപാടിയിൽ പങ്കെടുത്തില്ല. വിഎസ് അച്യുതാനന്ദന്റെ പേരിലുള്ള പ്രഥമ കേരളപുരസ്കാരം മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയ്ക്ക് സമർപ്പിച്ചു. ഇടഞ്ഞു നിൽക്കുന്ന ജി സുധാകരന് വേദിയിൽ പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിയുടെ പരോക്ഷ മറുപടി. എല്ലാ പരാതികളും തീർക്കുമെന്ന് ഉറപ്പ് നൽകിയിട്ടും പാർട്ടി പരിപാടികളിൽ അർഹമായ പരിഗണന കിട്ടുന്നില്ലെന്നതാണ് ജി സുധാകരൻറെ അമർഷത്തിൻറെ കാരണം.

സജി ചെറിയാനെതിരെ നടപടി വേണമെന്ന സുധാകരൻറെ ആവശ്യത്തോട് മുഖം തിരിക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം. ഈ സാഹചര്യം പരമാവധി മുതലെടുക്കാനാണ് യുഡിഎഫ് നീക്കം. ടിജെ ചന്ദ്രചൂഡൻ അവാർഡിനായി തെരഞ്ഞെടുത്തത് ജി സുധാകരനെയാണ്. 31ന് തിരുവനന്തപുരത്ത് വച്ചു നടക്കുന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള യുഡിഎഫ് നേതാക്കൾക്കൊപ്പമാണ് സുധാകരൻ പങ്കെടുക്കുക. നേരത്തെ കെപിസിസി സംസ്ക്കാര സാഹിതി പരിപാടിയിൽ സുധാകരൻ പങ്കെടുത്തിരുന്നു. സിപിഎമ്മിനോട് കൂറു വ്യക്തമാക്കുമ്പോഴും നേതൃത്വത്തോട് സുധാകരനുള്ള എതിർപ്പിലാണ് യുഡിഎഫിൻ്റെ പ്രതീക്ഷകൾ.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button