കടയ്ക്കലിൽ മദ്യപാനത്തിനിടെയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു, 58കാരനെ തലയ്ക്കടിച്ച് കൊന്നു

കൊല്ലം: കൊല്ലം കടയ്ക്കലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 58-കാരൻ തലയ്ക്കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടു. ആനപ്പാറ സ്വദേശിയായ ശശിയാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയും കെട്ടിടനിർമ്മാണ തൊഴിലാളിയുമായ രാജുവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇയാൾ ഒളിവിലാണ്.
ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൂലിപ്പണിക്കാരനായ ശശിയും അയൽവാസിയായ രാജുവും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് വാക്കുതർക്കം ആരംഭിച്ചത്. തർക്കം രൂക്ഷമായതോടെ, സമീപത്തുണ്ടായിരുന്ന തേക്കിൻ തടിക്കഷ്ണം ഉപയോഗിച്ച് രാജു ശശിയുടെ തലയിൽ ആഞ്ഞടിക്കുകയായിരുന്നു. ആക്രമണത്തിൽ നിലത്തുവീണ ശശിയുടെ തല രാജു റോഡിൽ ഇടിപ്പിച്ചതായും നാട്ടുകാർ പറയുന്നു.
ആക്രമണത്തിന് ശേഷം രാജു സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് കിടന്ന ശശിയെ നാട്ടുകാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ അദ്ദേഹത്തെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ, മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ ശശി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കടയ്ക്കൽ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരും പ്രദേശത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഒളിവിൽ പോയ പ്രതി രാജുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

