Kerala

‘സുധാകരന്‍ പാര്‍ട്ടിയുടെ വികാരം, ഒരുതരത്തിലുമുള്ള അഭിപ്രായ വ്യത്യാസമില്ലെന്ന് മന്ത്രി സജി ചെറിയാന്‍

മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി ഒരുതരത്തിലുമുള്ള അഭിപ്രായ വ്യത്യാസമില്ലെന്ന് മന്ത്രി സജി ചെറിയാന്‍. അഭിപ്രായ വ്യത്യാസം എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. സുധാകരന് തന്നെ വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്നും തങ്ങള്‍ തമ്മില്‍ വളരെ ആത്മബന്ധമാണെന്നും ആര്‍ക്കും അത് അകറ്റാനാകില്ലെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ജി സുധാകരന്‍ പാര്‍ട്ടിയുടെ ആലപ്പുഴയിലെ പ്രമുഖനായ നേതാവാണ്. അത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരുപാട് സംഭാവനകള്‍ ചെയ്ത ആളാണ്. നമ്മുടെയെല്ലാം വികാരമാണ് ജി സുധാകരന്‍. ഏതെങ്കിലു ഒരുപ്രശ്‌നം ഉന്നയിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ മോശപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. അദ്ദേഹം ഞങ്ങളില്‍ നിന്ന് അകന്നുപോയിരിക്കുന്നു. അദ്ദേഹം സ്വതന്ത്രനായി നടക്കുകയാണെന്ന മാധ്യമങ്ങളുടെ ധാരണ ശരിയല്ല. ഞാന്‍ ഈ പാര്‍ട്ടിയുടെ ഭാഗമാണെന്നാണ് സുധാകരന്‍ പറഞ്ഞത്. ഞങ്ങളെക്കാള്‍ കുടത്ത പാര്‍ട്ടിക്കാരനാണ്. നിങ്ങളാണ് അദ്ദേഹത്തെ ആട്ടി, ആട്ടി ഓരോ രൂപത്തില്‍ ചിത്രീകരിച്ച് പാര്‍ട്ടിക്കെതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് മാധ്യമങ്ങള്‍ ഉപേക്ഷിച്ചാല്‍ മതി. അദ്ദേഹം മരണംവരെ സിപിഎമ്മിന്റെ ഭാഗമായിരിക്കും.

അദ്ദേഹത്തത്തെ കണ്ട് സംസാരിക്കേണ്ട കാര്യമുണ്ടെങ്കില്‍ ഞങ്ങള്‍ പോയി സംസാരിക്കും. ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവും പോയി സംസാരിച്ചു. ഞാന്‍ പോകേണ്ടതുണ്ടെങ്കില്‍ ഞാനും പോകും. എംവി ഗോവിന്ദനും എംഎ ബേബിയും പോയി സംസാരിച്ചു. പ്രായപരിധികാരണമാണ് പാര്‍ട്ടിയുടെ ഘടകങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യമുണ്ടായത്.എന്നാല്‍ ക്യാംപെയ്‌നറായും മറ്റുകാര്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തും. അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്ന ചുമതലകള്‍ എല്ലാം തുടര്‍ന്നും പാര്‍ട്ടി അദ്ദേഹത്തെ ഏല്‍പ്പിക്കും. അതിന് കുറവ് വന്നിട്ടുണ്ടെങ്കില്‍ തിരുത്തും അദ്ദേഹത്തെ ചേര്‍ത്ത് പിടിച്ച് മുന്നോട്ടുപോകും.

ആലപ്പുഴയിലെ വിദ്യാര്‍ഥി രംഗത്തുനിന്ന് ഞങ്ങളെയൊക്കെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ വലിയ പങ്കുവഹിച്ച നേതാവാണ് ജി സുധാകരന്‍. അത നന്ദികെട്ടവരൊന്നുമല്ല ഞങ്ങളാരും. ജി സുധാകരനെ തകര്‍ത്തിട്ട് ഞങ്ങള്‍ക്കൊന്നും സാധിക്കാനുമില്ല. പാര്‍ട്ടി ഏറ്റവും വലിയ ചുമതല കൊടുത്തിട്ടുള്ള അളാണ്. കേരളത്തിലെ പാര്‍ട്ടിക്ക് മാതൃകയാകുന്ന പാര്‍ട്ടിയാണ് ആലപ്പുഴയിലേത്. എന്നെപ്പോലെ ജൂനിയറായ ഒരാളിനെ ഏതെങ്കിലും കാര്യത്തില്‍ തെറ്റിദ്ധരിച്ച്് വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒരു പ്രയാസവും എനിക്കില്ല. ഞാന്‍ ആ വിമര്‍ശനം ഉള്‍ക്കൊള്ളുന്നു. ഞാന്‍ പറഞ്ഞ വാക്കുകള്‍ അദ്ദേഹം തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നു. ഇന്നുവരെ പരസ്യമായോ രഹസ്യമായോ അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ധാരണപിശക് വന്നിട്ടുണ്ടെങ്കില്‍ അത് പിന്‍വലിച്ചു. ഞങ്ങളെയൊക്കെ ശാസിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button