Kerala
മൊസാംബിക്ക് ബോട്ടപകടം: തേവലക്കര സ്വദേശി ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചു

കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. തേവലക്കര നടുവിക്കര ‘ഗംഗ’യിൽ പി.പി. രാധാകൃഷ്ണൻ – ലീല ദമ്പതികളുടെ മകൻ ശ്രീരാഗ് രാധാകൃഷ്ണൻ ആണ് മരിച്ചത്. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ശ്രീരാഗിന്റേതാണെന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സ്കോർപിയോ മറൈൻ എന്ന കപ്പൽ കമ്പനിയിൽ ഇലക്ട്രോ ടെക്നിക്കൽ ഓഫീസറായിരുന്നു ശ്രീരാഗ്. ഏഴ് വർഷം മുൻപാണ് ഇദ്ദേഹം ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.
വെള്ളിയാഴ്ച മൊസാംബിക്കിലെ ബെറോ തുറമുഖത്തിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. ‘സീ കാസ്റ്റ്’ എന്ന കപ്പലിലേക്ക് ജോലിയിൽ പ്രവേശിക്കുന്നതിനായി പോവുകയായിരുന്നു ശ്രീരാഗ്. ഇദ്ദേഹം ഉൾപ്പെടെ 21 ജീവനക്കാരുമായി സഞ്ചരിച്ച ഒരു സ്വകാര്യ ഏജൻസിയുടെ ബോട്ടാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.