‘ഇത്തരം അവസരങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്’; ഹൃദ്യമായ കുറിപ്പുമായി പാർവതി തിരുവോത്ത്

പൃഥ്വിരാജും പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഐ നോബഡി. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ രംഗങ്ങളുടെ ഷൂട്ടിങ് പൂർത്തിയായെന്ന് പറയുകയാണ് പാർവതി. പൃഥ്വിരാജിനും ചിത്രത്തിന്റെ സംവിധായകൻ നിസാം ബഷീറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് പാർവതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വൈകാരികമായ ഒരു കുറിപ്പും നടി പങ്കുവച്ചിട്ടുണ്ട്.
“മനുഷ്യരുടെ ഹൃദയസ്പർശിയായ കഥകൾ പറയുന്ന ടീമുകളുടെ ഭാഗമാകാനുള്ള അവസരങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്! ഐ നോബഡിയുടെ ലാസ്റ്റ് ദിവസത്തെ സെറ്റ് അത്രയേറെ ഹൃദ്യമായിരുന്നു. പൃഥ്വിരാജ്, നിസാം ബഷീർ, ആകാംക്ഷയോടെ സഹകരിക്കുകയും ഓരോ ചുവടുവയ്പ്പിലും കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്ന എഴുത്തുകാരൻ സമീർ, അതുപോലെ സുപ്രിയ മേനോൻ…
നിങ്ങളെ സെറ്റിൽ ഒരുപാട് മിസ് ചെയ്തു. ഇത്രയും ശക്തമായ ഒരു സിനിമ നിർമിച്ചതിന് നന്ദി. സെറ്റിലെ ഓരോ ദിവസവും എനിക്ക് കാര്യങ്ങൾ എളുപ്പമാക്കി തന്നതിനും എന്റെ മാക്സിമം പുറത്തെടുക്കാൻ സഹായിച്ചതിനും ടീമിലെ എല്ലാവരോടും നന്ദി”.- പാർവതി കുറിച്ചു.
അശോകൻ, മധുപാൽ, വിനയ് ഫോർട്ട്, ഹക്കിം ഷാജഹാൻ, ലുക്‌മാൻ അവറാൻ, ഗണപതി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കെട്ട്യോളാണ് എന്‍റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ നോബഡി. സിറ്റി ഓഫ് ഗോഡ്, എന്ന് നിൻ്റെ മൊയ്തീൻ, മൈ സ്റ്റോറി, കൂടെ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജുമായി പാർവതി ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.
ഇ4 എന്റർടെയ്ൻമെന്‍റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സോഷ്യോ- പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.
ഹര്‍ഷ്‌വര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ദിനേശ് പുരുഷോത്തമൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. റോഷാക്കിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്.
