ദ്വാരപാലക പീഠവിവാദം: സമഗ്രമായ അന്വേഷണം നടക്കുന്നു, കൃത്യമായ വിവരം പുറത്തു വരുമെന്ന് വി.എൻ.വാസവൻ

തിരുവനന്തപുരം: ദ്വാരപാലക പീഠവിവാദത്തിൽ സമഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ട്. കൃത്യമായ വിവരം പുറത്തുവരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്പോണ്സര് ഉണ്ണികൃഷ്ണന് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കോടതിയുടെ ഇപ്പോഴത്തെ നിലപാട് സ്വാഗതാര്‍ഹമാണ്. 1999 മുതലുള്ള ഒരോ രേഖകളും പരിശോധിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവരെയുളള അന്വേഷണങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട്, 1998 മുതലുള്ള എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ തിരുവിതാംകുര്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്തുവന്നു. ചെന്നൈയിലേക്ക് കൊടുത്തുവിട്ടത് സ്വര്‍ണ്ണം പൂശിയ പാളിയാവാമെങ്കിലും, താന്‍ ചുമതലയേല്‍ക്കുമ്പോള്‍ അത് സ്വര്‍ണ്ണം മുഴുവന്‍ പോയ ചെമ്പുപാളിയായിരുന്നു. 2019-ല്‍ ചെന്നൈയിലേക്ക് കൊടുത്തുവിട്ടത് ചെമ്പുപാളികള്‍ തന്നെയാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.