ദമ്പതികളുടെ മരണം: ദുരൂഹത നീങ്ങാതെ പോലീസ്; ഭാര്യയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും
കാസർകോട്: മഞ്ചേശ്വരം കടമ്പാറയിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കടമ്പാറയിലെ പെയിന്റിങ് തൊഴിലാളിയായ അജിത്തും (35) സ്വകാര്യ സ്കൂളിലെ അധ്യാപികയായ ശ്വേതയും (27) ആണ് മരിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന.
അജിത്തും ശ്വേതയും ചിലരിൽ നിന്ന് പണം വാങ്ങിയതായി നാട്ടുകാർ പറയുന്നുണ്ട്. കടം കൊടുത്തവർ ശ്വേതയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നു. സ്കൂട്ടറിലെത്തിയ രണ്ട് സ്ത്രീകളാണ് ശ്വേതയെ മർദിച്ചത്. ഈ സ്ത്രീകളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം, അജിത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സഹോദരിയുടെ മൊഴി. എന്നാൽ, സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിനാൽ ചിലർ ദമ്പതികളെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കളുടെ പരാതി ലഭിച്ചാൽ ആത്മഹത്യാപ്രേരണക്കുറ്റം (Abetment to Suicide) കൂടി ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് അജിത്ത് ഭാര്യയേയും മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തിയത്. അധിക സമയം ചെലവഴിക്കാതെ, ഒരിടംവരെ പോകാനുണ്ടെന്നു പറഞ്ഞ് മകനെ അവിടെ നിർത്തി ഇരുവരും പോവുകയായിരുന്നു. പിന്നീട് വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു. ഇരുവരെയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ സംസാരിച്ചിരുന്നതായും വിവരമുണ്ട്. മഞ്ചേശ്വരം പോലീസ് മംഗളൂരു ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.