കരൂര്‍ അപകടം: സംഘാടകരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു, വിജയ് വൈകിയെത്തിയത് അപകടത്തിന് കാരണമായി: എം എ ബേബി
കരൂരില്‍ നടന് വിജയിയുടെ റാലിയില്‍ പങ്കെടുക്കവേ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെ പരിപാടിയില്‍ വലിയ ദുരന്തമുണ്ടാകുന്നത് രാജ്യത്ത് ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സിബിഐ അന്വേഷണാവശ്യം അപ്രസക്തമാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. സംഭവം അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
അനാഥമായ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ ജോലി നല്‍കണം. വിജയിയെ അറസ്റ്റ് ചെയ്യണോയെന്നതൊക്കെ ഭരണപരമായ തീരുമാനമാണെന്നും ആദ്യം അന്വേഷണം പൂര്‍ത്തിയാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടകരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു എന്നും വിജയ് വൈകിയെത്തിയത് അപകടത്തിന് കാരണമായി എന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.