ശബരിലയിൽ പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുന്നു;പിഎസ് പ്രശാന്ത്
സ്വർണ മോഷണ വിവാദത്തിൽ വിജിലൻസ് റിപ്പോർട്ടിന് ശേഷം മാത്രമേ കൂടുതൽ നടപടികൾ ഉണ്ടാകൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ശബരിമലയെ സുവർണാവസരമായി കണ്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുന്നു. ശബരിമലയിലെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് കൃത്യമായ ഓഡിറ്റ് വിവരങ്ങൾ ദേവസ്വത്തിന്റെ പക്കലുണ്ട്. 18 സ്ട്രോങ് റൂമിലുള്ള സ്വർണം-വെള്ളി എന്നിവ കൃത്യമായി പരിശോധിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നതെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങൾക്ക് മുൻപ് പീഠം കാണാനില്ലെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിയെന്ന അവതാരം വരുന്നു. ഈ അവതാരത്തിന്റെ വാദവും ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇറങ്ങുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്വർണകള്ളനാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്ന് അദേഹം ചോദിച്ചു. ഇതിന് പിന്നിൽ ആസൂത്രണം നടന്നിട്ടുണ്ടെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.