പാലിയേക്കര ടോൾ പിരിവ് വിലക്ക് തുടരും; അന്തിമ തീരുമാനം വെള്ളിയാഴ്ച
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവ് താത്കാലികമായി നിർത്തിവെച്ച ഹൈക്കോടതി ഉത്തരവ് തുടരുമെന്ന് കോടതി വ്യക്തമാക്കി. ടോൾ പിരിവ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് വെള്ളിയാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ടോൾ പിരിവ് വിലക്കിയ ഉത്തരവ് പുനപരിശോധിക്കണമെന്ന ആവശ്യത്തോടെ ദേശീയപാത അതോറിറ്റി സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കുമ്പോൾ, ഹൈക്കോടതി തൃശൂർ ജില്ലാ കളക്ടറോട് നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് വിശദീകരണം തേടി. കളക്ടർ ഓൺലൈനായി ഹാജരായി ചോദ്യങ്ങൾക്കും മറുപടിയും നൽകി.
60 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ മൂന്നു നാലിടങ്ങളിൽ മാത്രമാണ് പ്രശ്നമെന്ന് അറ്റോർണി ജനറൽ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, പ്രശ്നമുള്ള പ്രദേശങ്ങൾ വ്യക്തമാക്കണമെന്ന് കോടതി കളക്ടറോട് ആവശ്യപ്പെട്ടു. അതിന് കളക്ടർ അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് പ്രധാന പ്രശ്നങ്ങൾ നിലനില്ക്കുന്നതെന്ന് മറുപടി നൽകി. റോഡിലൂടെ സഞ്ചരിച്ചാൽ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാമെന്നും എല്ലാ അധികൃതർക്കും അത് വ്യക്തമായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ദേശീയപാത അതോറിറ്റി മനപ്പൂർവ്വം റോഡ് നന്നാക്കാതിരുന്നതല്ലെന്ന് എജി വാദിച്ചു.
തുടർന്ന്, നിലവിൽ എവിടെയെങ്കിലും ഗതാഗത തടസ്സമുണ്ടോയെന്ന് കോടതി കളക്ടറോട് ചോദിക്കുകയും, സ്ഥലം നേരിൽ സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിക്കുകയും ചെയ്തു. സുഗമമായ ഗതാഗതം ഉറപ്പായതിന് ശേഷമേ ടോൾ പിരിവ് പുനരാരംഭിക്കാവൂവെന്ന് സുപ്രീംകോടതി നൽകിയ നിർദ്ദേശവും ഹൈക്കോടതി ഓർമ്മപ്പെടുത്തി.