KeralaNews

അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങും ; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയെയും സഹായി കെ ഫിറോസിനെയും എക്‌സൈസ് സംഘം പിടികൂടിയത്. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ശ്രീനാഥ് ഭാസി അടക്കമുള്ള ചില സിനിമാ താരങ്ങള്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയിട്ടുണ്ട് എന്ന വിവരം എക്‌സൈസിന് ലഭിച്ചത്.

തുടര്‍നടപടികളുമായി എക്‌സൈസ് മുന്നോട്ടുപോകുന്നതിനിടെയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ പറയുന്നത്. തസ്ലിമ സുല്‍ത്താനയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ല. നിലവില്‍ താന്‍ സിനിമാ ഷൂട്ടിങ്ങിലാണ്. ഈ പശ്ചാത്തലത്തില്‍ കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങുകയും വലിയ നഷ്ടം ഉണ്ടാവാന്‍ ഇടയാക്കുകയും ചെയ്യും. അതുകൊണ്ട് ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണ്. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ജാമ്യ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യില്ല. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്നി കാര്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

തസ്ലിമയുടെയും ഫിറോസിന്റെയും ഫോണ്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ വിളിച്ച് വരുത്തുമെന്നും നോട്ടീസ് കൊടുത്ത് ചോദ്യം ചെയ്യുമെന്നും എക്‌സൈസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും തടയണമെന്നും കാണിച്ച് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടക്കുന്നത്. കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് കഴിഞ്ഞദിവസം ആലപ്പുഴയില്‍ നിന്ന് പിടിച്ചെടുത്തത്. തസ്ലിമ സുല്‍ത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയത് ദുബായ്, ബംഗളുരു എന്നിവിടങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് മലയാളികളാണെന്നാണ് വിവരം. ഇതില്‍ ഒരാള്‍ ലഹരി കേസുകളില്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട്. കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന പ്രധാന കണ്ണികളെയാണ് എക്‌സൈസ് തേടുന്നത്.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button