ഹിജാബ് വിവാദം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; ഡിഡിഇയുടെ ഉത്തരവിന് സ്റ്റേ നൽകാൻ വിസമ്മതിതിച്ച് ഹൈക്കോടതി
കൊച്ചി: പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്കൂളിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ശിരോവസ്ത്രം (ഹിജാബ്) ധരിച്ച വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ നൽകാൻ വിസമ്മതിച്ചു. സ്കൂളിന്റെ ഹർജിയിൽ സർക്കാർ വിശദീകരണം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
സ്കൂളിന്റെ നിലപാടിനെതിരെ വിദ്യാർത്ഥിനിയുടെ പിതാവും അഭിഭാഷകനും പ്രതികരിച്ചു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും, ടിസി വാങ്ങി മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്നും പിതാവ് വ്യക്തമാക്കി.
സ്കൂളിന്റെ മതേതര വസ്ത്രനയത്തെ ചോദ്യം ചെയ്ത പിതാവ് പറഞ്ഞു: “എന്റെ മകൾ ധരിച്ച ഷോൾ മതേതരമല്ലേ? എങ്കിൽ അത് എങ്ങനെ നിരോധിക്കുന്നു?” എന്നും. കുട്ടിയെയും കുടുംബത്തെയും ലക്ഷ്യംവച്ച് വ്യാജ പ്രചാരണങ്ങൾ നടക്കുകയാണെന്നും, അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം, ഹൈക്കോടതിയുടെ നിലപാടിനോട് നന്ദി പ്രകടിപ്പിച്ച് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി പ്രതികരിച്ചു. “ഹൈക്കോടതി സ്കൂളിന് നൽകിയ സംരക്ഷണത്തിന് നന്ദി. വിദ്യാർത്ഥിനി സ്കൂൾ നിയമങ്ങൾ അനുസരിച്ചാൽ പഠനം തുടരാം. സ്കൂളിൽ നിന്ന് ടിസി വാങ്ങിയ കാര്യം അറിവില്ല,” എന്നും അവർ പറഞ്ഞു.
കോടതിയുടെ വിധിയെ ബഹുമാനിക്കുന്നതായി അവർ വ്യക്തമാക്കി. “കോടതിയും സർക്കാരും വിഷയത്തിൽ നിയമപരമായ നടപടികൾ കൈക്കൊള്ളട്ടെ,” എന്നും സിസ്റ്റർ ഹെലീന ആൽബി കൂട്ടിച്ചേർത്തു.