ArticlePolitics

തിരയടങ്ങാത്ത ഓർമയായി ലാൽ വർഗീസ് കൽപകവാടി

പ്രമുഖ കോൺഗ്രസ്സ് നേതാവും അഖിലേന്ത്യാ കിസാൻ കോൺഗ്രസ്സ് വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റും ആയിരുന്ന അന്തരിച്ച ലാൽ വർഗീസ് കൽപകവാടിയെ അദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷികത്തിൽ indiavision.net എക്സിക്യൂട്ടീവ് എഡിറ്റർ എം.എസ്. സനിൽ കുമാർ അനുസ്മരിക്കുന്നു.

കുറേക്കാലം മുമ്പാണ്. ഒരുദിവസം രാവിലെ ലാൽചേട്ടന് (ലാൽവർഗീസ് കൽപകവാടി) ഒരു ഫോൺ കോൾ. അത്യാവശ്യമായി തിരുവനന്തപുരത്ത് എത്തി ലീഡർ കെ. കരുണാകരനെ കാണണം. ലാൽചേട്ടൻ ഉടൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. ലീഡറെ കണ്ടു. മുഖവുരയില്ലാതെ ലീഡറുടെ ചോദ്യം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാമോ? ഒട്ടാലോചനക്ക് ശേഷം ലാൽചേട്ടൻ മറുപടി നൽകി. ഇപ്പോൾ മത്സരിക്കാനില്ല ലീഡർ. ഉത്തരം കേട്ട് ലീഡർ ഞെട്ടി. സീറ്റ് വെച്ചുനീട്ടിയിട്ടും മത്സരിക്കാൻ ഇല്ലെന്ന് പറയുന്ന ഒരു കോൺഗ്രസുകാരനെ ലീഡർ ആദ്യം കാണുകയാണ്. താടിക്ക് കൈയും കൊടുത്ത് ലീഡർ അൽപനിമിഷം ആലോചിച്ചു. എന്നിട്ട് പതിയേ പറഞ്ഞു ‘ നല്ലതുപോലെ ആലോചിച്ചിട്ട് ആണോ ലാൽ ഇക്കാര്യം പറയുന്നത്. ഒരു കാര്യം ഞാൻ പറയാം,ഇപ്പോൾ മത്സരിക്കുന്നില്ലെങ്കിൽ ഇനി ഒരുകാലത്ത് താൻ മത്സരിക്കണം എന്ന് ആഗ്രഹിച്ചാലും കോൺഗ്രസിൽ ആരും തനിക്ക് സീറ്റ് തരാൻ ഉണ്ടാകില്ല’.

കാലം കടന്നുപോയി ലാൽചേട്ടനും കോൺഗ്രസിനൊപ്പം വളർന്നു. സംസ്ഥാനത്തെ കർഷക കോൺഗ്രസിന്റെ അമരക്കാരനായി. ലാൽചേട്ടന് ഒരു എംഎൽഎ ആകണം എന്ന് ആഗ്രഹം തോന്നി. നേതാക്കളെ സമീപിച്ചു. കാഞ്ഞങ്ങാട് സീറ്റ് നൽകാമെന്നായി. അപ്പോഴേക്കും കോൺഗ്രസ് കുതികാൽ വെട്ടിന്റെയും പാരവെയ്പ്പിന്റെയും കേന്ദ്രമായി മാറിയിരുന്നു. അവസാന നിമിഷം കാഞ്ഞങ്ങാട്ട് നിന്ന് ലാൽചേട്ടനെ വെട്ടി. പിന്നീട് കോൺഗ്രസ് ഒരു ഔദാര്യം പോലെ ലാൽചേട്ടന് ഒരു സീറ്റ് വെച്ചുനീട്ടി രാജ്യസഭാ സീറ്റ്. തോൽക്കുമെന്ന് ഉറപ്പുണ്ടായിരുന്ന രാജ്യസഭാ സീറ്റ്. ലാൽചേട്ടൻ മത്സരിച്ചു, തോറ്റു.

ഇന്ന് ലാൽചേട്ടന്റെ ഓർമ്മദിനം. കഴിഞ്ഞവർഷം ഇതേ ദിവസമാണ് ലാൽചേട്ടൻ ഞങ്ങളെ വിട്ടുപിരിഞ്ഞത്.

അവസാന നിമിഷം വരെ അടിയുറച്ച കോൺഗ്രസുകാരനായിരുന്നു ലാൽചേട്ടൻ. ആലപ്പുഴയുടെ മണ്ണിൽ വിപ്ലവത്തിന്റെ വിത്തുപാകിയ ധീരനായ വർഗീസ് വൈദ്യന്റെ മൂത്ത പുത്രൻ. മഹാനായ പിതാവിന്റെ പാരമ്പര്യം ജീവൻകെടുവോളം കാത്തുസൂക്ഷിച്ചു ലാൽചേട്ടൻ. അച്ഛൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നെങ്കിൽ, മകൻ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ വക്താവായി മാറിയത് കാലത്തിന്റെ അത്ഭുതകരമായ പരിണാമങ്ങളിൽ ഒന്നായി.

കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു ലാൽ വർഗീസ് കൽപകവാടി എന്ന ലാൽ ചേട്ടൻ. കെ. സി. വേണുഗോപാൽ ആണ് ലാൽ ചേട്ടനെ കിസാൻ കോൺഗ്രസിലേക്ക് നാമനിർദ്ദേശം ചെയ്തത്.1973-74 വർഷത്തിൽ മാർ ഇവാനിയോസിൽ പഠിക്കുന്ന കാലഘട്ടത്തിൽ കെ.എസ്.യു പ്രവർത്തകനായി ആർട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചുകൊണ്ടായിരുന്നു ലാൽചേട്ടന്റെ രാഷ്ട്രീയ പ്രവേശം. ആ കാലഘട്ടത്തിൽ പിക്‌നിക് എന്ന പ്രേംനസീർ സിനിമയിൽ ലാൽചേട്ടൻ അഭിനയിക്കുകയും ചെയ്തു.

എം.ജി. സോമൻ അടക്കമുള്ള സിനിമക്കാരുമായുള്ള ബന്ധം തുടങ്ങുന്നത് ആ കാലത്താണ്. വർഗീസ് വൈദ്യനെന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്റെ പുത്രൻ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് വന്നതിന് കാരണം സഹപാഠിയും കെ എസ് യു നേതാവും ഇപ്പോൾ വ്യവയായ സംരംഭകനുമായ ഇ. എം. നജീബിന്റെ പ്രേരണ ആയിരുന്നു.

1974 ൽ എ.കെ. ആന്റണി കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോഴായിരുന്നപ്പോഴാണ് കർഷക കോൺഗ്രസ് ആരംഭിച്ചത്. എൻ.ഐ. ദേവസിക്കുട്ടി എംഎൽഎ, പി.ജെ. തോമസ് എംഎൽഎ, പ്രൊഫ. ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരൊക്കെ പ്രസിഡന്റായി വന്നു. പ്രൊഫ ഗോപാലകൃഷ്ണ കുറുപ്പിന്റെ സംസ്ഥാന കമ്മിറ്റിയിൽ ലാൽവർഗീസ് കൽപകവാടിയെ സംസ്ഥാന ട്രഷറർ ആയി നോമിനേറ്റ് ചെയ്തു.

കൊടുമൺ ഗോപിനാഥൻ നായർ, ജോസഫ് മോനിപ്പള്ളി, പ്രൊഫ. അലക്‌സാണ്ടർ സക്കറിയാസ് എന്നിവർക്കുശേഷം ലാൽചേട്ടൻ 2005 ൽ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി. കേരളത്തിലെ കാർഷിക രംഗത്തെ പ്രശ്‌നങ്ങൾക്കായി ശബ്ദം ഉയർത്തുവാനും സമരം ചെയ്യുവാനും കർഷക കോൺഗ്രസ് സജ്ജമായത് ലാൽചേട്ടന്റെ കാലത്താണ്.

കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കൊട്ടിയൂർ, പാലക്കാട്, നെയ്യാർ, ചരൽകുന്ന് എന്നീ സ്ഥലങ്ങളിൽ വെച്ച് നടന്ന നേതൃത്വ ക്യാമ്പുകൾ ശ്രദ്ധേയമായി. കേന്ദ്രസർക്കാർ കർഷകരുടെ കടങ്ങൾ എഴുതിതള്ളിയതിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി കാസർകോട് മുതൽ തിരുവനന്തപുരം വരെ 140 നിയോജക മണ്ഡലങ്ങളിലൂടെ ലാൽചേട്ടൻ നടത്തിയ വലിയ പ്രചാരണ ജാഥകൾ കർഷക കോൺഗ്രസിന്റെ ചരിത്രത്തിലെ പ്രധാന നാഴികകല്ലാണ്. കേരളത്തിലെ കർഷകർക്കായി അവകാശ പ്രമാണരേഖയുണ്ടാക്കിയത് ലാൽ വർഗീസ് കൽപകവാടിയാണ്. ഇതിലെ പലവിഷയങ്ങളും ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കി.

വയനാട്ടിലെ കാർഷിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ നടത്തിയ സത്യാഗ്രഹം, കേര കർഷകർക്കായി കുറ്റ്യാടിയിൽ നടത്തിയ 16 ദിവസത്തെ സത്യാഗ്രഹം, നെല്ലിയാമ്പതി പ്രശ്‌ന പരിഹാരത്തിനായുള്ള ഇടപെടൽ, തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ രാപ്പകൽ സത്യാഗ്രഹം, നീര ഉത്പാദനത്തിനായുള്ള സമരം, പാലക്കാട്ടെ കർഷകർക്ക് വെള്ളത്തിനായുള്ള സമരം, കുട്ടനാട്ടിലെ കൊയ്ത്തുമെതി യന്ത്രം ഇറക്കുമതി ചെയ്യാനുള്ള സമരം, വന്യമൃഗ ശല്യത്തിനെതിരെയുള്ള സമരങ്ങൾ, റബർ കർഷകർക്ക് ന്യായവില ലഭിക്കാനുള്ള സമരങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും കർഷക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കർഷക കോൺഗ്രസിലൂടെ അദ്ദേഹം നേതൃത്വം നൽകി.

രമേശ് ചെന്നിത്തലയുടെ കാലത്ത് ലാൽചേട്ടൻ ഹോർട്ടികോർപ്പ് ചെയർമാനായി നിയമിതനായി. സംസ്ഥാനത്തെ പച്ചക്കറി കർഷകരുടെ ഉത്പന്നങ്ങൾ ന്യായവിലക്ക് എടുത്ത് വിതരണം ചെയ്യുന്നതിന് വേണ്ടി ധാരാളം കടകൾ കേരളത്തിലുടനീളം ഉണ്ടാക്കി. തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ഫ്‌ളാറ്റുകളിൽ സഞ്ചരിക്കുന്ന ഹോർട്ടികോർപ്പ് കടകൾ ആരംഭിച്ച് പച്ചക്കറി കർഷകരെ നിലനിർത്തി.

ജീവിതം കർഷകർക്കായി നിരന്തര സമരമാക്കിയ ലാൽചേട്ടന് ഒരുനിയമസഭാ സീറ്റ് നൽകിയില്ല എന്നത് ലാൽചേട്ടനെ സ്‌നേഹിക്കുന്നവർക്ക് എന്നും ഒരു വേദനയായി. കോൺഗ്രസ് പാർട്ടിയുടെ ഒരു സെൽമാത്രമായ കർഷക കോൺഗ്രസിനെ കോൺഗ്രസിന്റെ ഔദ്യോഗിക പോഷക സംഘടന ആക്കണമെന്നത് ലാൽചേട്ടന്റെ സ്വപ്‌നമായിരുന്നു. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങി കോൺഗ്രസിന്റെ ദേശീയതലത്തിലെ സമുന്നതരായ സകല നേതാക്കളുമായും ഇക്കാര്യം ഉന്നയിച്ച് ലാൽചേട്ടൻ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു.

തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും പുന്നപ്ര വയലാർ സമര സേനാനിയുമായിരുന്ന ടി.കെ. വർഗീസ് വൈദ്യന്റെ മൂത്തപുത്രനാണ് ലാൽവർഗീസ് കൽപകവാടി. ആലപ്പുഴയിലെ പ്രമുഖനും പ്രമാണിയും ധാനാഢ്യനുമായിരുന്ന പൂപ്പള്ളി കുട്ടിച്ചന്റെ മകൾ തങ്കമ്മയായിരുന്നു മാതാവ്. അന്നത്തെ കാലത്ത് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കൂടെ ഇറങ്ങിച്ചെല്ലാൻ ധൈര്യം കാണിച്ച ധീരവനിതയായിരുന്നു അവർ. മധ്യതിരുവിതാംകൂറിൽ ഏറെ ചരിത്രം സൃഷ്ടിച്ച വിവാഹമായിരുന്നു വർഗീസ് വൈദ്യന്റേത്. ടി.വി. തോമസിനെ പോലെയുള്ള പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പിന്തുണ വർഗീസ് വൈദ്യനുണ്ടായിരുന്നു. ലാലിന്റെ ഏക സഹോദരനാണ് സിനിമ തിരാക്കഥാകൃത്തും കഥാകാരനുമായ ചെറിയാൻ കൽപകവാടി. വർഗീസ് വൈദ്യന്റെ വിവാദ വിവാഹവും ജീവിതവും ഇതിവൃത്തമാക്കി ഇടതുപക്ഷ രാഷ്ട്രീയം കോർത്തിണക്കിയാണ് ചെറിയാൻ കൽപകവാടി ലാൽസലാം എന്ന സിനിമ രചിച്ചത്. സുശീല ചേച്ചിയാണ് ലാൽചേട്ടന്റെ ഭാര്യ. മകൻ അമ്പു വൈദ്യൻ.

രാഹുൽഗാന്ധിയുമായും കെ.സി. വേണുഗോപാലുമായും അടുത്തബന്ധമാണ് ലാൽചേട്ടന് ഉണ്ടായിരുന്നത്. ഭാരത്‌ജോഡോ യാത്രയിൽ രാഹുൽഗാന്ധിയും സംഘവും ഒരുദിവസം താമസിച്ചത് ലാൽചേട്ടന്റെ വസതിയായ ഹരിപ്പാട്ടെ കൽപകവാടിയിലായിരുന്നു. ഒരുകാലത്ത് രാഷ്ട്രീയ പ്രമുഖരുടെയും സാമൂഹ്യ സാംസ്‌കാരിക സിനിമ പ്രവർത്തകരുടെയും സംഗമ ഭൂമിയായിരുന്നു കൽപകവാടി.

ലാൽചേട്ടന്റെ മകൻ അമ്പു വൈദ്യൻ അച്ഛന്റെ പാരമ്പര്യം പിന്തുടർന്ന് കോൺഗ്രസ് പ്രസ്ഥാനത്തിൽ സജീവമായി ഉണ്ട്. കർഷക കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് അമ്പു ഇപ്പോൾ. സിപിഐയിലൂടെയാണ് അമ്പുവിന്റെ രാഷ്ട്രീയ പ്രവേശം. പള്ളിപ്പാട് ജില്ലാ പഞ്ചായത്തിലേക്ക് സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ചു. പിന്നീട് കെ.സി. വേണുഗോപാലിന്റെ താൽപര്യപ്രകാരം കോൺഗ്രസിലേക്ക് എത്തി. ഇപ്പോൾ കർഷക പ്രശ്‌നങ്ങളിൽ പിതാവിനെപ്പോലെ സജീവ സാന്നിധ്യമാണ് അമ്പു.

ഇന്ദിര ഗാന്ധിയുമായും നെഹ്‌റു കുടുംബവുമായും വലിയ ആത്മബന്ധമായിരുന്നു ലാൽചേട്ടന്. മകൻ അമ്പു വൈദ്യന് പുത്രൻ ജനിച്ചപ്പോൾ റിഹാൻ എന്ന പേര് നൽകണമെന്ന് ലാൽചേട്ടൻ വാശിപിടിച്ചു. പ്രിയങ്കഗാന്ധിയുടെ മകന്റെ പേരാണ് റിഹാൻ. കോൺഗ്രസിന്റെ തലമുറകൾക്കൊപ്പം നടന്നുതീർത്ത ജീവിതമായിരുന്നു ലാൽചേട്ടന്റേത്. പോരാട്ടത്തിന്റെ കരുത്തുറ്റ പ്രതീകമായിരുന്ന വർഗീസ് വൈദ്യന്റെ മകൻ അശക്തനായിരുന്നില്ല. വെച്ചുനീട്ടിയ നിയമസഭ സീറ്റ് ഒരുകാലത്ത് വേണ്ടെന്ന് വെച്ചെങ്കിലും കർഷകർക്കുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഒരു എംഎൽഎ സീറ്റ് ലാൽചേട്ടൻ ആഗ്രഹിച്ചിരുന്നു. അത് കോൺഗ്രസ് നേതൃത്വം കാണാതെ പോയി.

2008 ലാണ് ഞാൻ ലാൽ ചേട്ടനെ പരിചയപ്പെടുന്നത്. അന്തരിച്ച സജിത്താണ് ഞങ്ങളെ കൂട്ടിമുട്ടിച്ചത്. ഞാനന്ന് തിരുവനന്തപുരത്ത് ന്യൂസ് അറ്റ് ടു പി എം നടത്തുന്ന സമയം. ഞങ്ങളുടെ ഓഫീസിലെ നിത്യ സന്ദർശകരായി ലാൽ ചേട്ടനും കെ ജി രവി ചേട്ടനുമൊക്കെ . കരുവാറ്റയിൽ കൽപകവാടിയോട് ചേർന്നുള്ള ലാൽ ചേട്ടന്റെ വീട്ടിൽ ആ ആതിഥ്യം സ്വീകരിച്ച് എത്രയോ ദിവസങ്ങൾ ഞാൻ താമസിച്ചു. ലാൽ ചേട്ടന്റെ കർഷക യാത്രയ്ക്കൊപ്പം കാസർഗോഡു മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചതും മറ്റൊരു മറക്കാനാവാത്ത ഓർമ.

ഓർമകളുടെ തിരയിളകുമ്പോൾ, ലാൽ ചേട്ടന് എന്റെ അശ്രു പൂജ.

Sanil Kumar MS

indiavision.net എക്സിക്യൂട്ടീവ് എഡിറ്റർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button