ശബരിമല സ്വർണ്ണക്കൊള്ള: ‘വലിയ ഗൂഢാലോചനയുണ്ടെങ്കിൽ അന്വേഷിക്കണം’; ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് സമഗ്രമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നതായി തെളിഞ്ഞിട്ടും, എന്തുകൊണ്ട് ഈ ദിശയിലേക്ക് അന്വേഷണം നീങ്ങുന്നില്ല എന്നും കോടതി ആരാഞ്ഞു. കേസ് നവംബർ 15-ന് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് സ്വമേധയാ എടുത്ത ഹർജി പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു കേസിൻ്റെ നടപടികൾ. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ എസ്.പി. എസ്. ശശിധരനെ കോടതി വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ടും ഉദ്യോഗസ്ഥർ കോടതിക്ക് കൈമാറി.
ഗൂഢാലോചന സ്ഥിരീകരിച്ചു
പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ പ്രകാരം ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടാളികളും ഗൂഢാലോചന നടത്തിയാണ് സ്വർണ്ണം കവർന്നത്. എന്നാൽ, അന്വേഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടരുതെന്ന ഹൈക്കോടതി നിർദ്ദേശം നിലവിലുള്ളതിനാൽ റിപ്പോർട്ടിലെ മറ്റ് വിവരങ്ങൾ അതീവ രഹസ്യമായി തുടരുകയാണ്.
1998-ൽ വിജയ് മല്യ ദ്വാരപാലക ശിൽപങ്ങൾ അടക്കം സ്വർണ്ണം പൊതിഞ്ഞാണ് ക്ഷേത്രത്തിൽ സമർപ്പിച്ചത്. ഇതിന് പകരമായി സ്വർണ്ണം പൂശി നൽകിയാൽ പിടിക്കപ്പെടില്ല എന്ന കണക്കുകൂട്ടലിലാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തുവെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചതായും വിവരമുണ്ട്.