InternationalNews

വത്തിക്കാന്‍ ഒരുങ്ങി, ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

ആ​ഗോള കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുത്ത ലിയോ പതിനാലാമനെ മാര്‍പാപ്പയായി ഔദ്യോ​ഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുർബാന സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ന് പ്രാദേശിക സമയം രാവിലെ 10ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) നടക്കും. രണ്ട് മണിക്കൂറോളം ചടങ്ങ് നീളും. 200-ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ഏകദേശം 6,000 പൊലീസ് ഉദ്യോഗസ്ഥരെയും 1,000 സന്നദ്ധപ്രവർത്തകരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. പൗരസ്ത്യ സഭകളിൽ നിന്നുള്ള പാത്രിയർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാർഥിച്ചശേഷമാകും മാർപാപ്പ കുർബാനയ്ക്കെത്തുക. സ്പാനിഷ് ഭാഷയിലാകും കുർബാനയിലെ ആദ്യ 2 വായനകൾ. സുവിശേഷവായന ലത്തീനിലും ഗ്രീക്കിലും.

തുടർന്ന് ഡീക്കന്മാർ, വൈദികർ, മെത്രാന്മാർ എന്നിവരെ പ്രതിനിധീകരിച്ച് കുർബാനയിൽ പങ്കെടുക്കുന്ന 3 കർദിനാൾമാരിൽ ആദ്യത്തെയാൾ പാലിയം ധരിപ്പിക്കും. രണ്ടാമത്തെയാൾ പാപ്പയ്ക്കായി പ്രത്യേക പ്രാർഥന ചൊല്ലും. മൂന്നാമത്തെയാൾ ‘ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണ് നീ’ എന്ന പത്രോസിന്റെ സാക്ഷ്യം ചൊല്ലി മാർപാപ്പയെ മോതിരം അണിയിക്കും. കുർബാന തുടരുന്ന മാർപാപ്പ അതിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യും. സെന്റ് പീറ്റേഴ്സ് ചത്വരത്തോടു ചേർന്നുള്ള വത്തിക്കാൻ കൊട്ടാരത്തിലാകും ലിയോ പതിനാലാമൻ മാർപാപ്പ താമസിക്കുക. മുൻഗാമി ഫ്രാൻസിസ് മാർപാപ്പ സെന്റ് മാർത്താസ് ഹോമിലെ സാധാരണ മുറിയിലാണ് താമസിച്ചിരുന്നത്.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബൽജിയം രാജാവ് ഫിലിപ് , രാജ്ഞി മറ്റിൽഡ, ബ്രിട്ടനിലെ എഡ്വേഡ് രാജകുമാരൻ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി, ഫ്രഞ്ച് പ്രധാനമന്ത്രി ഹോസ്വ ബെയ്ഹൂ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഇറ്റലി പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോർജ മെലോനി, ഇസ്ര‌യേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, സ്പെയിനിലെ ഫെലിപ്പെ രാജാവ്, രാജ്ഞി ലെറ്റീഷ്യ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി, യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് നയിക്കും.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button