KeralaNews

ദർബാർ ഹാളിൽ പൊതുദർശനം; വിപ്ലവനായകന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങള്‍

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം കവടിയാറിലെ വീട്ടില്‍ നിന്ന് ദര്‍ബാര്‍ ഹാളിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഐഎം നേതാക്കളും വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു. പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് തിരുവനന്തപുരം ദർബാർ ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും.

വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

ഇന്നലെ ഉച്ചതിരിഞ്ഞ് 3.20ന് ആയിരുന്നു വി എസ് അച്യുതാനന്ദന്റെ അന്ത്യം. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി എസ്. ഒരു മാസക്കാലമായി തിരുവനന്തപുരം പട്ടം SUT ആശുപത്രിയിലായിരുന്ന വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. ഒരു നൂറ്റാണ്ടിന്റെ വിപ്ലവജീവിതത്തിനാണ് തിരശീല വീണത്.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button