KeralaNews

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൊലവിളി പ്രസംഗം; ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൊലവിളി പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി. ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു.

പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടന്‍റെ കൊലവിളി പ്രസംഗം. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി മുഴക്കിയത്.

നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആർ എസ് എസ് നേതാക്കളെ അവഹേളിച്ചാൽ എംഎൽഎയെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി. അതേസമയം നൈപുണ്യ വികസന കേന്ദ്രത്തിന് ആർ എസ് എസ് നേതാവിന്റെ പേര് നൽകിയ വിഷയത്തെ നിയമപരമായി, ജനാധിപത്യപരമായി, രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button